കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന് മുഖേന ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനി എംസിഎഫ് (മെറ്റീരിയല്‍ കളക്ഷ ഫെസിലിറ്റി) കേന്ദ്രങ്ങള്‍ ഉപയോഗശൂന്യമായി കാടുമൂടിക്കിടക്കുന്നു.
പഞ്ചായത്തിലെ 23 വാര്‍ഡുകളിലും സ്ഥാപിച്ച ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനവും പ്രവര്‍ത്തനവും പൂര്‍ണമായും താളംതെറ്റിയ നിലയിലാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാനും, ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാനുമാണ് ഈ കേന്ദ്രങ്ങള്‍ ഒരുക്കിയത്. എന്നാല്‍ കൃത്യമായ പരിപാലനമില്ലാത്തതിനാല്‍ നിലവില്‍ ഇവ കാടും വള്ളിപടര്‍പ്പും മൂടിയ അവസ്ഥയിലാണ്.
ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതല്‍ ഉപയോഗപ്പെടുത്താതെ നശിപ്പിച്ചു കളയുന്നത് പഞ്ചായത്തിന്റെ ധനവിനിയോഗത്തിലെ കടുത്ത വീഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മിനി എംസിഎഫ് കേന്ദ്രങ്ങള്‍ അടിയന്തരമായി ശുചീകരിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണമെന്നും, 23 വാര്‍ഡുകളിലെയും കേന്ദ്രങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ജെഡി ജില്ലാ സെക്രട്ടറി ഒ.പി. ഇസ്മായില്‍ ആവശ്യപ്പെട്ടു.